Uncategorized

love story 1

Written by 14media

 

രചന: ഷാനവാസ് ജലാൽ

ജന്മം കൊണ്ട്‌ പപ്പയും മമ്മയും മലയാളികളാണെങ്കിലും, അമേരിക്കൻ പൗരത്വം ഉള്ളത്‌ കൊണ്ടാകണം കോടതിക്ക്‌ മുന്നിൽ മാധ്യമങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ടായിരുന്നു,

 

ഇത്രയും നാൾ താങ്കൾ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് തോന്നുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു , മമ്മയുടെ കണ്ണു നിറഞ്ഞത്‌ കണ്ടിട്ടാണു അവന്റെ കോളറിൽ കയറി പിടിച്ചത്‌. എന്തൊക്കെ എങ്ങനെയൊക്കെ ചോദിച്ചാലും എനിക്ക്‌ എന്റെ മാതാപിതാക്കളോടൊപ്പം പോകണം എന്നേ പറയാവൂ എന്ന് വക്കീൽ എന്നേ പറഞ്ഞു പഠിപ്പിക്കുമ്പോൾ ,ഒന്നുമില്ലട കണ്ണാ എന്ന് പറഞ്ഞിട്ട്‌ മമ്മ മുന്നിൽ തന്നെയുണ്ടായിരുന്നു…

 

അന്ന് കൂട്ടുകാരോടൊപ്പം ഹോളിഡെ അടിച്ച്‌ പൊളിച്ചിട്ട്‌ വീട്ടിലെക്ക്‌ കയറിയപ്പോൾ “ഇത് എന്റെ മോനാണു ഇവനെ ആർക്കും കൊടുക്കില്ലാന്ന് പറഞ്ഞ്‌ മമ്മയെന്നെ കെട്ടിപ്പിടിച്ച്‌ കരഞ്ഞത്‌ എന്തിനാണെന്ന് എനിക്ക്‌ മനസ്സിലായില്ല. അത്യവശ്യമായി നാട്ടിലെക്ക്‌ പോകണമെന്ന് പപ്പ പറഞ്ഞപ്പോൾ, എന്താണു ഇത്ര പെട്ടെന്ന്?? എന്ന ചോദ്യത്തിനു മറുപടി തന്നത്‌ കുടുംബ വക്കീൽ ആയിരുന്നു..

 

പ്രണയിച്ച്‌ വിവാഹം കഴിച്ചവരായിരുന്നു പപ്പയും മമ്മയും, വിവാഹം കഴിഞ്ഞു അഞ്ചു വർഷത്തെ ചികൽസ കൊണ്ടും പുരോഗതി ഇല്ലാതെ വന്നപ്പോഴാണു ഡോകടർ മമ്മക്ക്‌ കുട്ടികൾ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞത്. ആകെ തളർന്ന അവരുമായി അന്ന് ഒരു വാടക ഗർഭപാത്രത്തിന്റെ കാര്യം ചർച്ച ചെയ്തതും, നാട്ടിലെ നിയമങ്ങൾ എളുപ്പമുള്ളത്‌ കൊണ്ട്‌ നാട്ടിലെക്ക്‌ തിരിച്ചതും ,പത്തു മാസങ്ങൾക്ക്‌ ശേഷം എന്നെയും കൊണ്ട്‌ തിരിച്ച്‌ പറന്നതുമെല്ലാം ഒരു സിനിമ കഥ പോലെ കേട്ടിരിക്കാനെ കഴിഞ്ഞുള്ളു എനിക്ക്‌…

 

ഇരു വൃക്കകളും തകരാറിലായ ഭർത്താവിനു സ്വന്തം വൃക്ക കൊടുക്കാമെന്നുണ്ടെങ്കിലും ,അതിന്റെ ഓപ്പറേഷന്റെ ചിലവ്‌ പപ്പ നൽകാമെന്ന് ഏറ്റത്‌ കൊണ്ടാണു, അവർ ഇതിനു സമ്മതിച്ചെതെന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സിലും ചെറുതായി ഒരു ആഗ്രഹം വന്ന് തുടങ്ങിയിരുന്നു അവരെ ഒന്ന് കാണാൻ. പിന്നീട് ഫോണിലുടെ പലതവണ അവർ എന്നെ കാണണമെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും , ഞാൻ ഒന്നും അറിയരുതെന്ന നിര്ബന്ധമുള്ളതു കൊണ്ടാകണം പപ്പ എതിർത്തത്‌.

 

കുഞ്ഞിനെ നൽകുന്ന നേരത്ത അവരുടെ കരച്ചിൽ കാണാൻ കഴിയാതെ വന്നപ്പോഴാണു അവരെ ഒന്നാശ്വസിപ്പിക്കാൻ വേണ്ടി എപ്പോൾ വേണമെങ്കിലും എന്നെ കാണിക്കാമെന്ന് എഗ്രിമന്റ്‌ പേപ്പറിൽ കൂട്ടി ചേർത്തത്‌, ആ ഒരു വാക്കിൽ അവർ നൽകിയ കേസിലാണു ഞങ്ങൾ ഇപ്പോൾ കോടതിയിൽ നിൽക്കുന്നതെന്ന് ഓർത്തപ്പോൾ എന്റെയുള്ളിൽ അവരോട്‌ കുറച്ച്‌ ദേഷ്യം തോന്നിയിരുന്നു എങ്കിലും അത്‌ അവരെ കണ്ടതുവരെ മാത്രമേ നിലനിന്നുള്ളൂ.

 

എന്നെ കണ്ടയുടനെ മോനെന്ന് വിളിച്ച്‌ കരഞ്ഞ അവർ വീൽ ചെയറിൽ നിന്നും എഴുന്നെൽക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു, കൈകൾ ഉയർത്തി എന്നെ വിളിച്ചപ്പോൾ അവരുടെ അരികിലെക്ക്‌ പോകാൻ മമ്മ അനുവാദം തന്നത്‌ അവരുടെ അവസ്ഥ അറിഞ്ഞിട്ടാണ്. ഓപ്പറേഷൻ വിജയിച്ചില്ലെന്നും ഭർത്താവ്‌ മരണത്തിനു കീഴടങ്ങി എന്നും, അവർക്കും ഇപ്പോൾ അതേ അസുഖമാണെന്നും ഞങ്ങൾ അറിഞ്ഞത്‌ കോടതിയിൽ എത്തിയതിനു ശേഷമായിരുന്നു…

 

അവരുടെ അടുക്കലെക്ക്‌ ചെന്ന് ആ മുടിയിൽ ഒന്ന് തലോടി , അവർക്ക്‌ അരികിലായി ഇരുന്ന് ഞാൻ കിടന്ന ആ വയറിൽ ഒരു മുത്തം നൽകി , പതുക്കെ ആ മുഖത്തെക്ക്‌ നോക്കിയപ്പോൾ അറിയാതെ അമ്മേന്ന് വിളിച്ചുപോയി ഞാൻ.

ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരുമ്മ തന്ന് ‌ എന്റെ മമ്മയുടെ കൈകളിൽ എന്നെ ഏൽപ്പിച്ചിട്ട് കൈകൾ കൂപ്പി നന്ദി പറഞ്ഞ്‌ ആ അമ്മ അവിടെ നിന്ന് ഇറങ്ങുമ്പോഴും എന്തിനാണു എന്റെ കണ്ണുകൾ നിറഞ്ഞതെന്ന് മാത്രം എനിക്ക്‌ മനസ്സിലായിരുന്നില്ല..

 

തിരികെയുള്ള യാത്രയിൽ മമ്മയുടെ ചുമലിൽ തല വെച്ചിരുന്നിട്ട്‌ “എങ്ങനെയാണു മമ്മാ ആ സമയത്ത്‌ ഞാൻ അവരെ അറിയാതെ അമ്മേന്ന് വിളിച്ചത് ?? എന്ന ചോദ്യത്തിനു മമ്മ മറുപടി പറഞ്ഞു. ” മോന്റെ ആദ്യത്തെ മൂന്ന് ദിവസത്തെ ഭക്ഷണം ആ അമ്മയുടെ മുലപ്പാൽ ആയിരുന്നു ..” എന്ന് പറഞ്ഞപ്പോഴെക്ക്ം

എന്റെ മനസ്സ്‌ കൊണ്ട്‌ ഒരായിരം തവണ വിളിച്ച്‌ പോയിരുന്നു ..അമ്മേ…എന്ന് ….

 

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

About the author

14media

Leave a Comment