Uncategorized

പ്രണയം മാർച്ചു മാസത്തിലെ SSLC പരീക്ഷ കഴിയുന്ന ദിവസം ജീവിതത്തിൽ ആദ്യമായി പരീക്ഷാ സമയം കഴിയരുതേ എന്ന് പ്രാർത്ഥിച്ച ദിവസം..

Written by 14media

രചന: Shithin Mamba
മാർച്ചു മാസത്തിലെ SSLC പരീക്ഷ കഴിയുന്ന ദിവസം ജീവിതത്തിൽ ആദ്യമായി പരീക്ഷാ സമയം കഴിയരുതേ എന്ന് പ്രാർത്ഥിച്ച ദിവസം… മനസിലെ സങ്കടവും ഉള്ളിന്റെ ഉള്ളിലെ ആരുമറിയാത്ത പ്രണയവും സ്കൂൾ വരാന്തയിലും..നാല് ചുവരുകൾക്കുള്ളിലെ കുഞ്ഞു ക്ലാസ്സ്‌ മുറിയിലും തളം കെട്ടി നിൽക്കുന്നു ആദ്യമായി സ്കൂളിന് പുറത്തേക്കു ഇറങ്ങാൻ കാലുകൾക്കു ശക്തിയില്ല എന്ന് തോന്നിയ നിമിഷങ്ങൾ….

ഇനിയുള്ള ദിവസങ്ങൾ അവളെ കാണാൻ കഴിയില്ലാലോ അവളറിയാതെ അവളെ നോക്കി ചിരിക്കാൻ കഴിയില്ലാലോ എന്നൊക്കെ ഓർത്തപ്പോൾ SSLC പരീക്ഷയെ ശപിച്ച നിമിഷങ്ങൾ…..

എന്റെ തൊട്ടടുത്ത ക്ലാസ്സിലായിരുന്നു അവളും….ദൈവം ഒരുപാട് സൗന്ദര്യം കൊണ്ടൊന്നും അവളെ അനുഗ്രഹിച്ചില്ലങ്കിലും എന്തോ എനിക്കവളെ വല്ലാത്ത ഒരിഷ്ടം ആയിരുന്നു. ഒൻപതാം ക്ലാസ്സ്‌ മുതൽ ആരും അറിയാതെ മനസ്സിൽ കൊണ്ട് നടന്ന പ്രണയം…. അവളോടുള്ള പ്രണയത്തിന്റെ ശക്തിയോ അവളോടൊപ്പം 10 ലും ഒരുമിച്ചിരിക്കാനുള്ള കൊതിയോ എന്താണ് എന്നറിയില്ല ഒൻപതാം ക്ലാസ് എന്ന വൻ മല ഞാൻ ഈസി ആയി കയറി….. പക്ഷേ എന്റെ നിർഭാഗ്യമോ ദൈവത്തിന്റെ വികൃതിയോ ഞങ്ങളെ അടുത്തടുത്ത ക്ലാസ്സിലേക്ക് പറിച്ചു കൊണ്ട് ദൈവം ആദ്യമായി ഞങ്ങളോട് ക്രൂരത കാണിച്ചു….എന്നും അവൾ നടന്നു വരുന്നതും ക്ലാസ്സിലേക്ക് കയറുന്നതും ചിരിക്കുന്നതും സംസാരിക്കുന്നതും ഒക്കെ മതിവരുവോളം നോക്കി നിൽക്കും സ്കൂളിന്റെ കുറച്ച് അടുത്ത് ആയിരുന്നു അവളുടെ വീട് എന്നും വൈകുന്നേരം കൂട്ടുകാരികളോടോപ്പം നടന്നു പോകുമ്പോൾ ഇടക്ക് അവൾ ഒന്ന് തിരിഞ്ഞു നോക്കും എന്തോ ആ ഒരു നോട്ടത്തിനു വേണ്ടി എത്ര നേരം കാത്ത് നിൽക്കാനും അന്ന് മടിയില്ലായിരുന്നു…..

എന്നാലും ഇഷ്ടം അവളുടെ മുഖത്തു നോക്കി പറയാൻ വല്ലാത്തൊരു പേടി ആയിരുന്നു 15 മിനിറ്റോളം കിട്ടുന്ന ഇന്റർബെൽ സമയങ്ങളിൽ അവളുടെ ക്ലാസ്സ്‌ മുറിയുടെ ജനാലകൽക്കരികിൽ ചിലവിടുമ്പോളും അവളോടുള്ള ഇഷ്ടം പേടിയോടെ മനസിന്റെ ഉള്ളിന്റെ ഉള്ളിൽ പുതച്ചു മൂടി കിടന്നുറങ്ങുകയായിരുന്നു…. പറയാത്ത പ്രണയത്തിന്റെ ശക്തി കൂടുമെന്നു ആരൊക്കയോ പറഞ്ഞത് സത്യമായിരുന്നു….. അത്രയും ഇഷ്ടാമായിരുന്നു അവളോട്‌…..ഒരിക്കൽ ധൈര്യം സംഭരിച്ചു അവളോട്‌ മനസിലെ ഇഷ്ടം പറയാൻ തീരുമാനിച്ചു തന്നെ ആയിരുന്നു അന്ന് സ്കൂളിലേക്ക് പോയത്….. സ്കൂളിന് പിറകിലെ ഗ്രൗണ്ടിനരികിലെ പുളി മരത്തിനു ചുവട്ടിൽ അവൾ വരുന്നതും കാത്ത് നിന്നു…. കൂട്ടുകാരികളോടൊപ്പം നടന്നു പോകുന്ന അവളെ പുറകിൽ നിന്ന് പേര് വിളിച്ചു നിർത്തി…
നവീ…. ഒന്ന് നിക്കുവോ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു എന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു….എന്താ എന്ന് ചോദിച്ചു കൊണ്ട് അവൾ അടുത്ത് വന്നതും ഒന്നുല്ല എന്ന് പറഞ്ഞു തിരിഞ്ഞു നടന്നതും ഒരുമിച്ചായിരുന്നു…… രാത്രി ഒറക്കം കളഞ്ഞു മനപ്പാഠം ആക്കിയ വാക്കുകൾ ഒക്കെ എങ്ങോട്ടാ പോയത് എന്ന് പോലും അറിയില്ലായിരുന്നു….അങ്ങനെ ദിവസങ്ങൾ കടന്ന് പോയി…. എന്നിലെ പ്രണയത്തിന്റെ തീവ്രതയും കൂടി കൂടി വരുന്നതല്ലാതെ ഒരു കുറവും ഇല്ല…..ആഗസ്ത് മാസത്തിലെ നല്ല ഒരു ദിവസമായിരുന്നു അന്ന് എന്നത്തേയും പോലെ ഇന്റബെൽ സമയത്ത് അവളുടെ ക്ലാസ്സ്‌ റൂമിന്റെ ജനാലകക്കരികിൽ ഞാൻ സ്ഥാനം പിടിച്ചു….. എന്തോ അവൾ അന്ന് വല്ലാതെ അസ്വസ്ഥ ആയിരുന്നു അന്ന്….. എന്നും ഉള്ള ചിരിയും ബഹളവും ഒന്നും ഇല്ല…. തൊട്ടടുത്തിരിക്കുന്ന കൂട്ടുകാരികൾ എന്തൊക്കയോ പറഞ്ഞു ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ടങ്കിലും അതിലൊന്നും ശ്രദ്ധിക്കാതെ അവൾ ഏതോ പുസ്തകം തുറന്നു വച്ച് എന്തോ ആലോചനയിൽ ആയിരുന്നു…. ഇടക്ക് നിറഞ്ഞു നിന്ന കണ്ണുകൾ ആരും കാണാതെ തുടച്ചു…. എന്തോ എന്നിലെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു…..

പെട്ടന്ന് അവൾ ജനാലകൽക്കരികിലേക്കു നോക്കി…. അവളുടെ കണ്ണുകളുമായി കൂട്ടിയിടിച്ച എന്റെ കണ്ണുകളിൽ സങ്കടവും സന്തോഷവും കൂടി കലർന്ന ഒരു പ്രസന്നത നിറഞ്ഞു…..അവളുടെ സങ്കടം നിറഞ്ഞ കണ്ണുകളിലേക്കു നോക്കി നിൽക്കുന്ന എന്നെ നോക്കി അവൾ ചെറുതായി പുഞ്ചിരിച്ചു…..ആ ചിരി കണ്ട് എന്റെ മുഖത്തു വിരിഞ്ഞ സന്തോഷം കണ്ടവൾ ഒന്നൂടെ നന്നായി ചിരിച്ചു…. ആ ചിരി കണ്ടപ്പോൾ എനിക്ക് മനസ്സിലായി എന്റെ സാമിപ്യം അവളെ ഇത്തിരി എങ്കിലും സന്തോഷിപ്പിക്കുന്നുണ്ട് എന്ന്….. ആ സന്തോഷത്തെ തല്ലിക്കെടുത്തി കൊണ്ട് ക്ലാസ്സിൽ കയറാനുള്ള ബെല്ലടിച്ചു…. കണക്കു സാറിന്റെ ഘോര ഘോരം നിറഞ്ഞ ലസാഗു കാണുന്ന ക്ലാസ്സിനിടയിൽ വരാന്തയിലൂടെ ലത ടീച്ചറുടെ കൈകളിൽ തല ചായ്ച്ചു കരഞ്ഞു കൊണ്ട് പതുക്കെ നടന്നു പോകുന്ന അവളെ ഒരു നോക്ക് മാത്രമേ കണ്ടുള്ളു….. അവളുടെ കണ്ണീരിന്റെ വേദന അറിയാൻ ലഞ്ച് ബ്രേക്ക്‌ വരെ കാത്തിരിക്കേണ്ടി വന്നു…..അച്ഛന്റെ മരണ വാർത്തയറിഞ്ഞു നിറഞ്ഞ കണ്ണുകളും വാടി തളർന്ന അവളുടെ മുഖവുമായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ എന്റെ മനസ്സ് നിറയെ….. അന്ന് വൈകുന്നേരം അവളുടെ വീട്ടിലേക്കു പോയെങ്കിലും കാണാൻ പറ്റിയില്ല….. അവളില്ലാത്ത പത്ത് ദിവസങ്ങൾ ഒരു ജയിലായി മാറി….. ഒന്നിനും ഒരു താല്പര്യവും ഇല്ലാത്ത പോലെ….സങ്കടം നിറഞ്ഞ മനസ്സുമായി അവൾ തിരികെ എത്തിയപ്പോഴും അവളുടെ ഉള്ളിലെ സങ്കടം അവൾ പുറത്തു കാട്ടാതെ ശ്രദ്ധിച്ചു…. സഹതാപത്തോടെ നോക്കാൻ അല്ലാതെ അവളെ നോക്കി ചിരിക്കാനോ എന്തങ്കിലും സംസാരിക്കാനോ കഴിയാത്ത അവസ്ഥ…. മാസങ്ങൾ കാറ്റിന്റെ വേഗതയിൽ കടന്ന് പോയി…. വിഷാദം നിറഞ്ഞ അവളുടെ മുഖം എന്നെ വല്ലാതെ അസ്വസ്ഥനാക്കി….. ഒടുവിൽ മാർച്ചു മാസത്തെ പരീക്ഷയുടെ അവസാന ദിവസവും വന്നെത്തി…. പരീക്ഷാ സമയം കഴിഞ്ഞു ബെല്ലടിച്ചതോടെ ഉത്തരക്കടലാസു ടീച്ചർക്ക് നൽകി അവൾ ഇരിക്കുന്ന പരീക്ഷാ ഹാളിനരികിലേക്കു ഓടി…..ആരും ഇല്ലാത്ത ആ ക്ലാസ്സ്‌ മുറിയിലെ അവളുടെ റോൾ നമ്പറിനരികിൽ ഇത്തിരിനേരം ഇരുന്ന ശേഷം….. അവസാനമായി ഒന്ന് കാണാൻ കഴിയാത്ത നിരാശയോടെ നിറഞ്ഞ കണ്ണുകളുമായി പുറത്തേക്കുള്ള ഗെയിറ്റിനരികിലേക്കു നടന്നു…… പക്ഷേ എന്റെ നിരാശയെ സന്തോഷമാക്കി കൊണ്ട് ഗെയിറ്റിനരികിൽ അവൾ കൂട്ടുകാരിയോടൊപ്പം എന്നെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു…. അടുത്തെത്തി എന്തോ പറയാൻ തുടങ്ങുന്ന എന്റെ നേർക്ക്‌ ഒരു ചെറു പുസ്തകം നീട്ടികൊണ്ടു അവളുടെ കൂട്ടുകാരി പറഞ്ഞു…… ഇത് നവിയുടെ ഓട്ടോഗ്രാഫ് ആണ്…. ഒന്നിതിൽ എന്തങ്കിലും എഴുതാമോ…. പുസ്തകം വാങ്ങി തുറന്നു…. ആദ്യത്തെ പേജിൽ ആരുമറിയാത്ത എന്റെ പ്രണയിനിയുടെ പേരെഴുതിയ ആ കുഞ്ഞു പുസ്തകത്തിൽ ആരൊക്കയോ എന്തൊക്കയോ എഴുതിട്ടുണ്ട്…. അവസാന പേജിൽ വിറയാർന്ന കൈകൾ കൊണ്ട് ഞാനും എഴുതി……

പറയാൻ പേടിച്ചൊരു ഇഷ്ടമുണ്ട് എന്റെ ഉള്ളിൽ….പറയാത്ത വാക്കുകളിലെ പ്രണയമായി ഞാൻ ഒരിക്കൽ കൂടി നിന്റെ മുന്നിൽ വരും…..നിന്നെ എന്റേതാക്കാൻ….

About the author

14media

Leave a Comment